മോദിയുടെ പ്രത്യേക ക്ഷണം; ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടുത്ത മാസം ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ആദ്യമായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ഏപ്രിൽ രണ്ടിന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നും നാലു ദിവസം അദ്ദേഹം ഇന്ത്യയിൽ ചെലവഴിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിദേശ മാദ്ധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികം എന്ന പ്രത്യേകത കൂടി ഈ വർഷത്തിനുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭകക്ഷി ബന്ധം മെച്ചപ്പെടുത്തുക, സഖ്യം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാനും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.