യൂറിനറി ഇൻഫെക്ഷൻ; പരിഹാര മാർഗങ്ങൾ അറിയാം

മിക്ക സ്ത്രീകളിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ് യൂറിനറി ഇൻഫെക്ഷൻ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ രോഗബാധ കൂടുതലായും ഉണ്ടാകുന്നത്. ചിലരിൽ യൂറിനറി ഇൻഫെക്ഷൻ ഇടയ്ക്കിടെ വരാറുണ്ട്. മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിങ്, ഇടുപ്പ് ഭാഗങ്ങളിൽ വേദന എന്നിവയൊക്കെയാണ് യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ. യൂറിനറി ഇൻഫെക്ഷൻ തടയാനുള്ള ചില മാർഗങ്ങളെ കുറിച്ച് നോക്കാം.

യൂറിനറി ഇൻഫെക്ഷൻ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വെള്ളം കുടിക്കാതിരിക്കൽ. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും അണുബാധയ്ക്ക് കാരണമാകുന്നതിനു മുമ്പ് ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. ശരീരത്തിന് നന്നായി ജലാംശം നൽകുകയും മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ മൂത്രമൊഴിക്കുകയും വേണം. നിങ്ങൾ മൂത്രം എത്രയധികം പിടിച്ച് വയ്ക്കുന്നുവോ അത്രയധികം മൂത്രനാളിയിലെ അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത് ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും വഴിവയ്ക്കും. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും, ഇത് അണുബാധകളെ ചെറുക്കുന്നതിന് നല്ല പ്രതിരോധശേഷി നിലനിർത്താൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.

മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം പാലിക്കൽ. സ്വകാര്യ ഭാഗങ്ങളിൽ ബാക്ടീരിയയുടെ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഒഴുക്കിനെ ആശ്രയിച്ച് ഓരോ 4-5 മണിക്കൂറോ അതിൽ കുറവോ കൂടുമ്പോൾ ടാംപോണുകളോ പാഡുകളോ മാറ്റണം.