‘ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടം’; ചൈനയെ പ്രകീര്‍ത്തിച്ച് വീണ്ടും എസ്ആര്‍പി

ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമാണെന്നും, ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് വീണ്ടും ചൈനയെ പ്രകീര്‍ത്തിച്ച് എസ്ആര്‍പി രംഗത്തെത്തിയത്.

‘മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളര്‍ച്ചയില്‍ 30 ശതമാനം സംഭാവന നല്‍കുന്ന രാജ്യമാണ് ചൈന എന്നത് വസ്തുതയാണ്. ചൈനയെ പ്രകീര്‍ത്തിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വിവാദമാക്കുകയാണ്. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല?-‘ അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസില്‍ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്നും, ബിജെപി നയം ആര്‍എസ്എസാണ് തീരുമാനിക്കുന്നതെന്നും എസ്ആര്‍പി വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു രാജ്യങ്ങളിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടികളുമായുള്ള ബന്ധം ശക്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് സിപിഐഎം. നേതൃത്വത്തെ അംഗങ്ങള്‍ തീരുമാനിക്കുന്നു. പാര്‍ട്ടികളില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്നും എസ്ആര്‍പി ചൂണ്ടിക്കാട്ടി.