വൈസ് ചാൻസലർ നിയമനം; ഗവർണർക്ക് നൽകിയ കത്തിൽ ഒരിടത്തും ശുപാർശയില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മന്ത്രി ആർ ബിന്ദു ചാൻസിലർക്ക് നൽകിയ കത്തിൽ ഒരിടത്തും ശുപാർശയില്ലെന്ന് വ്യക്തമാക്കി ലോകായുക്ത. ആർ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ വാദത്തിനിടെയായിരുന്നു ലോകായുക്തയുടെ പരാമർശം. ജസ്റ്റിസ് സിറിയക് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തിൽ ഒരിടത്തും ‘റെക്കമെന്റ്’ എന്നില്ലെന്ന് ലോകായുക്ത പറഞ്ഞു. പകരം നിർദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാൽ ഇത് സ്വീകരിക്കാനും നിരസിക്കാനും ഗവർണർക്ക് അധികാരമുണ്ട്. നിർദ്ദേശം മന്ത്രി നൽകിയെങ്കിൽ നിയമനാധികാരിയായ ഗവർണർ അത് എന്തുകൊണ്ട് നിരസിച്ചില്ലെന്നും ലോകായുക്ത ചോദിച്ചു.

ജോർജ് പൂന്തോട്ടമാണ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായത്. മന്ത്രി ആർ ബിന്ദു പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണ് പരാതിയെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഹർജിക്കാരന്റെ രാഷ്ട്രീയം നോക്കണമെന്ന് മന്ത്രിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ലോകായുക്തയെ അറിയിച്ചു. സർക്കാരിന് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കാനുണ്ടോയെന്ന് ഗവർണർ ചോദിച്ചതിന് പിന്നാലെയാണ് മന്ത്രി കത്ത് നൽകിയതെന്ന് സൂചിപ്പിക്കുന്ന തെളിവും സർക്കാർ വാദത്തിനിടെ ഹാജരാക്കി.

മന്ത്രിക്ക് വൈസ് ചാൻസിലറിൽ നിന്നും എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചെന്നുളള തെളിവ് ഹർജിക്കാരൻ സമർപ്പിച്ചില്ലെന്ന് ലോകായുക്ത പറഞ്ഞു. കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് മലയാളം അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ലെന്നും രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് അപരാധമാണോയെന്നും ലോകായുക്ത ചോദിക്കുന്നു. എജിയുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി നിർദ്ദേശിച്ചതെന്നും ലോകായുക്ത വ്യക്തമാക്കി.