സൈബർ ആക്രമണം നടത്തുന്നവരോട് വിരോധമില്ല; ആക്രമണങ്ങൾ വിഷയത്തെ സജീവമാക്കി നിർത്തുമെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്: കെ റെയിലിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എം എൻ കാരശ്ശേരി. വിഷയത്തിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവരോട് വിരോധമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ വിഷയത്തെ സജീവമാക്കി നിർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടിയൊഴിപ്പിക്കപ്പെടുന്ന അമ്പതിനായിരം പേരെപ്പറ്റിയാണ് ഇടതുപക്ഷത്തെ ചിന്താശേഷിയുള്ളവർ ഓർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ തനിക്ക് യാതൊരു അപമാനവും ഇല്ല. ഞാൻ അഴിമതി കാണിക്കുകയോ മോഷ്ടിക്കുകയോ സ്വജനപക്ഷപാതം കാണിക്കുകയോ ചെയ്യുകയാണെങ്കിലാണ് തനിക്ക് അപമാനം. അല്ലാതെ മറ്റൊരാൾ വായിൽ തോന്നുന്നത് പറയുന്നതിൽ തനിക്ക് യാതൊരു അപമാനവുമില്ല. ഇതൊക്കെ തമാശയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയിൽ വിഷയം ചൂടാറാതെ നിർത്തുന്നതിൽ ഈ അധിക്ഷേപം നടത്തുന്നവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ പങ്കുവഹിക്കുന്നു. ഇത് കെ റെയിലിന്റെ കൊള്ളരുതായ്മയിലേക്കും അശാസ്ത്രീയതയിലേക്കും ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടുമെന്നും അദ്ദേഹം അറിയിച്ചു.

കെ റെയിലിനെ എതിർക്കുന്ന ടി പി കുഞ്ഞിക്കണ്ണൻ, ആർ വി ജി മേനോൻ അടക്കമുള്ള മറ്റനേകം ആളുകളുടെ പ്രസംഗങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവയിൽ പറയുന്ന ഒരു വാദത്തിനും മറുപടി ഇല്ലെന്ന് തെളിയിക്കുകയാണ് ഈ അധിക്ഷേപ വാക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.