കോവിഡിനെ ചെറുക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ….

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മുൻകരുതലുകൾ പാലിക്കുകയും രോഗപ്രതിരോധ ശേഷി ഉയർത്തുകയുമാണ് രോഗബാധയേൽക്കാതെ രക്ഷപ്പെടാനുള്ള മാർഗം. രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം. വിവിധ എൻസൈമുകളുടെ പ്രവർത്തനത്തിൽ ഇത് നിർണ്ണായക പങ്ക് വഹിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രോട്ടീൻ സിന്തസിസ് എന്നീ പ്രവർത്തനങ്ങളിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും. സിങ്ക് കൂടുതലായും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മുട്ട

സിങ്ക് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. കുറഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. നല്ല വളർച്ചയ്ക്കു ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും മുട്ടയിലുണ്ട്. മുട്ട കഴിക്കുന്നവരിൽ രോഗപ്രതിരോധശേഷി വർധിക്കും.

ഓട്‌സ്

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് ഓട്‌സ്. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഓട്‌സ് സഹായിക്കും. ഇത് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ തുടരാനും ഉയർന്ന രോഗപ്രതിരോധ ശേഷി കൈവരിക്കാനും ഓട്‌സ് സഹായിക്കും.

പയർവർഗങ്ങൾ

സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയർ, ബീൻസ് തുടങ്ങിയവ. ഫൈറ്റേറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇവ ഇത് സിങ്കിനെയും മറ്റ് ധാതുക്കളെയും ആഗിരണം ചെയ്യാൻ സഹായിക്കും. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും പയർ വർഗങ്ങൾ സഹായിക്കും.

തൈര്

കാത്സ്യം, വിറ്റാമിൻ ബി 2, ബി 12, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് തൈര്. മെച്ചപ്പെട്ട രോഗപ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ആരോഗ്യകരമായ ചർമ്മം എന്നിവ നേടാൻ തൈര് കഴിക്കുന്നത് നല്ലതാണ്.

നെല്ലിക്ക

വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്ക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണമാണ്. ഇത് എല്ലാ രോഗങ്ങളെയും അകറ്റി നിർത്തുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇഞ്ചി

അണുക്കൾ, ബാക്ടീരിയകൾ, വൈറസ് എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഇഞ്ചി കഴിക്കുന്നത് ഗുണകരമാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇഞ്ചി ദിവസവും ഭക്ഷണത്തിൽ ചായയിലോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.