വേനൽക്കാലത്തെ നിർജ്ജലീകരണം തടയാൻ നാരങ്ങാവെള്ളം!

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് നാരങ്ങാവെള്ളം. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്‌ളേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ നിർജ്ജലീകരണം നടക്കുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ചർമ്മത്തിൽ ചുളിവുകൾ ഇല്ലാതാക്കാനും യുവത്വം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിൽ സന്ധികളിലുണ്ടാകുന്ന നീർക്കെട്ട് അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാരങ്ങവെള്ളം. നീർക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്. മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിയ്ക്കുന്ന സമയങ്ങളിൽ അൽപം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാൻ സഹായകമാണ്.