പുതിയ വകഭേദങ്ങളില്ലെങ്കില്‍ മാര്‍ച്ച് മാസത്തോടെ കൊവിഡിന്റെ അന്ത്യം; ഐസിഎംആര്‍ വിദഗ്ദന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നുണ്ട്. എന്നാല്‍, പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ മാര്‍ച്ച് മാസത്തോടെ കൊവിഡ് അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കുകയാണ് ഐസിഎംആര്‍ വിദഗ്ദന്‍ സമീരന്‍ പാണ്ഡ.

ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് 11 ആകുമ്പോള്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്നാണ് പാണ്ഡ പറയുന്നത്. മുംബൈ ഡല്‍ഹി എന്നീ നഗരങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കണം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നത്. ഡിസംബര്‍ 11ന് ആരംഭിച്ച ഒമിക്രോണ്‍ മൂന്ന് മാസം വരെ തുടരുമെന്നതിനാലാണ് മാര്‍ച്ച് 11 ആകുമ്പോള്‍ അവസാനിക്കും എന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കാന്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പല വ്യാപന ഘട്ടങ്ങളിലും ടെസ്റ്റിങ്ങിലും അതിനുള്ള രീതികളിലും മാറ്റം വരുത്തേണ്ടതായി വരുമെന്നും പാണ്ഡ വ്യക്തമാക്കി.