‘ക്യാപ്റ്റന്‍ കോഹ്ലി ഇനി ഇല്ല’; നായകസ്ഥാനം രാജിവെച്ച് വിരാട് കോഹ്ലി

കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വിയ്ക്ക് പുറകെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോഹ്ലി തന്റെ തീരുമാനം പങ്കുവെച്ചത്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. കോഹ്ലി ക്യാപ്റ്റനാവുമ്പോള്‍ ടെസ്റ്റ് റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ വിജയങ്ങളുടെ കൊടുമുടി കയറാന്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്ലിയുടെ കീഴില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 40 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനായിട്ടാണ് അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിട പറയുന്നത്.