ചൈനയുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മിന്റെ നിലപാട് പ്രതിഷേധാര്‍ഹം: വി.ഡി സതീശന്‍

തിരുവനന്തപുരം: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഎമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യ പിണക്കമായിരുന്നെന്നും ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വി.സിയെ പുറത്താക്കുകയാണ് ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെ- റെയില്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്നും സതീശന്‍ വ്യക്തമാക്കി.