108 ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറക്കാന്‍ ഉത്തരവ്‌

എറണാകുളം: സംസ്ഥാനത്ത് കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്നതിനിടെ ആംബുലന്‍സുകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ച് ഉത്തരവിറങ്ങി. ഉത്തരവ് വന്നതോടെ 316 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗമാണ് വഴിയാധാരമാകുന്നത്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയാണ് ഉത്തരവ്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് 12 മണിക്കൂറില്‍ നിന്ന് 24 മണിക്കൂര്‍ സേവനം ഉയര്‍ത്തിയ 159 ആംബുലന്‍സുകളുടെ സമയം വെട്ടിക്കുറക്കുന്നത്.

ഇനി മുതല്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ മാത്രമായിരിക്കും പൊതുജനത്തിന് ആംബുലന്‍സ് സേവനം ലഭിക്കുക. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിത്. ഇതിന് പിന്നാലെ രോഗബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും വിമാനത്താവളത്തില്‍ എത്തുന്ന ഒമിക്രോണ്‍/ഡെല്‍റ്റാ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതോടെ തടസപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവരുടെ ക്വാറന്റീന്‍ വൈകുന്നതോടെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകും.

അതേസമയം, 108 ആംബുലന്‍സില്‍ ജോലിയില്‍ പ്രവേശിച്ച നൂറോളം ഡ്രൈവര്‍മാരുടെയും നഴ്‌സുമാരുടെയും തൊഴിലും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ തന്നെ 108 ആംബുലന്‍സുകളുടെ സേവനം 12 മണിക്കൂറായി കുറച്ചത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് 108 ആംബുലന്‍സുകളുടെ സമയക്രം 12 മണിക്കൂറാക്കി കുറട്ടച്ചതെന്നാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.