പൂര്‍വ്വിക നേതാക്കളുടെ രാഷ്ട്രീയ നിലപാടുകള്‍ തുടരും: സമസ്ത

കോഴിക്കോട്: പൂര്‍വ്വിക നേതാക്കള്‍ സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സമസ്ത. ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അറിയിച്ചു.

വഖഫ് വിവാദത്തിന് ശേഷം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് മുശാവറ ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്.

സോഷ്യല്‍മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും, ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടികള്‍ക്കു വിധേയമാകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ 26 പേര്‍ പങ്കെടുത്തിരുന്നു.