കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ചെന്നൈ: ഒമിക്രോണ്‍ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ച നടക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ അറിയിച്ചു.

നാളെ രാത്രി 10 മണി മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവക്ക് രാത്രി പത്ത് മണിക്ക് ശേഷം വിലക്കുണ്ട്. സ്‌കൂളുകള്‍ അടക്കുന്ന സാഹചര്യത്തില്‍ 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം സജ്ജമാക്കും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ ലഭ്യമാകും. പെട്രോള്‍ പമ്പ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും.

വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ യാത്രക്ക് കര്‍ശന നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ കൈവശം വേണം. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്.