ഒമിക്രോണ്‍ വ്യാപനം കൂടുന്നു; മൂന്നാം തരംഗത്തിന് സാധ്യത; ആശങ്കയില്‍ രാജ്യം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയില്‍ രാജ്യം. കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതുതായി 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83ല്‍ എത്തി. പുതിയ കേസുകളില്‍ അഞ്ചെണ്ണം കര്‍ണാടകയിലാണ് റിപ്പോര്‍ട്ടു ചെയ്തത്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് നിലവില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനില്‍ 17 കേസുകളും, കേരളത്തില്‍ അഞ്ചുകേസുകളുമാണ് ഇപ്പോള്‍ ഉള്ളത്.

ഒമിക്രോണ്‍ വര്‍ധന രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് പഠനം പറയുന്നത്. രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ രണ്ടിന് കര്‍ണാടകയിലാണ് ഒമിക്രോണ്‍ രാജ്യത്ത് ആദ്യമായി സ്ഥിരീകരിക്കുന്നത്.