കെ-റെയില്‍ പദ്ധതി ഗുണത്തേക്കാളേറെ ദോഷം; സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി

മലപ്പുറം: കെ-റെയില്‍ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രായോഗികമല്ലെന്നും ഇതുകൊണ്ട് ഗുണത്തെക്കാളേറെ കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. സംസ്ഥാനത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും പദ്ധതി നടപ്പാക്കാനുള്ള തുക സര്‍ക്കാരിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പദ്ധതി നടത്തുന്നവരെ കുറ്റം പറയുകയല്ല, ചിലപ്പോള്‍ അവരുടെ അറിവില്ലായ്മ കൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത്. പദ്ധതിക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരും അതിനായി 25000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കണം. 350 കിലോമീറ്റര്‍ നിലത്തിലൂടെയാണ് ട്രെയിന്‍ പോവുന്നത് ചിലയിടങ്ങളില്‍ ചതുപ്പ് നിലത്തിലൂടെയാവും . ഇത്രയും വേഗത്തില്‍ നിലത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ അതിന്റെ ആഘാതങ്ങളും വളരെ കൂടുതലാണ്. നാടിന് ശരിക്കും ഉപകാരമുണ്ടാവണമെങ്കില്‍ ഇപ്പോഴുള്ള റെയില്‍വെയെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കില്‍ അതിനോടൊപ്പം ഇതിനെ കൊണ്ടുപോവുകയോ ചെയ്യണം’-ശ്രീധരന്‍ പറഞ്ഞു.

നിലവില്‍ എസ്റ്റിമേറ്റിട്ട തുകക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഒരു പദ്ധതി എടുക്കുന്നുണ്ടെങ്കില്‍ അത് ശരിക്കും നടത്താന്‍ കഴിയണം. കേരളത്തില്‍ ഈ പദ്ധതി എടുത്തുകഴിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരികയും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും ശ്രീധരന്‍ ഓര്‍മ്മിപ്പിച്ചു.