ആധാറും വോട്ടേഴ്‌സ് ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ലക്ഷ്യം കള്ളവോട്ട് തടയല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി ആധാറും വോട്ടേഴ്സ് ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് നിലവില്‍ വന്നാല്‍ ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇരട്ടവോട്ട് ഇല്ലാതാവുകയും ചെയ്യും. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം ഒന്നിലധികം തവണ അവസരം നല്‍കാനും, തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും മന്ത്രിസഭായോഗത്തിലവതരിപ്പിച്ച ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച ശേഷമാകും ഉത്തരവ് പുറത്തിറക്കുക.

ജനുവരി 1, 2022 മുതല്‍ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസുകാര്‍ക്ക് വര്‍ഷം നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ തിയതികളില്‍ തുടങ്ങുന്ന കാലാവധികളിലാകും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകുക. ഇതോടൊപ്പം വനിതാസൈനികരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും അവര്‍ താമസിക്കുന്ന നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.