സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക്; ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ആഗസ്റ്റ് 15ന്ഇന്ത്യയില്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനമായത്.

2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരുമെന്നും പ്രത്യേക വിവാഹ നിയമത്തിലും, 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്.