‘ഇന്ത്യയിലെ ജനങ്ങളായ നാം…’; നവംബര്‍ 26; ഭരണഘടനാ ദിനം

ഇന്ന് നവംബര്‍26, ഭരണഘടനാ ദിനം. ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ഇത് ദേശീയ നിയമദിനം എന്നും അറിയപ്പെടുന്നു. ഭരണഘടനയുടെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആഘോഷിക്കാറുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന ആമുഖത്തിലെ വരികള്‍ക്ക് അത്രത്തോളം പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗമാണിത്. അതെ മറ്റു രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ അധികാരത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ ഫിലോസഫിയേയും വ്യക്തമായി ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെയും ചുരുക്കി വിവരിക്കുന്നതിനോടൊപ്പം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു.’

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് രാജ്യത്തിന് ഒരു ഭരണഘടന രൂപം കൊണ്ടത്. 1949 നവംബര്‍ 26 നാണ് ഈ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 9 മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണസഭക്കായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ സഭക്ക് കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഒടുവില്‍ 1949 നവംബര്‍ 26 ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.