ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

മലയാള സിനിമ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നു. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോജോസഫിന്റെ ഓഫീസുകളിലാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുന്നത്.

ഇവര്‍ നിര്‍മ്മിച്ച വിവിധ ചിത്രങ്ങള്‍ ഒ.ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെന്നാണ് സൂചന. നിര്‍മ്മാതാക്കളുടെ സമീപ കാലത്തെ വരുമാനവും പണമിടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.