‘സംഘപരിവാറിന് അടിക്കാന്‍ വടി കൊടുക്കരുത്, ഹലാല്‍ ബോര്‍ഡുകള്‍ മാറ്റാന്‍ മുസ്ലീം മതനേതൃത്വം ഇടപെടണം’: എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നാരോപിച്ച് എ. എന്‍ ഷംസീര്‍ എംഎല്‍എ രംഗത്ത്. ഹലാല്‍ ബോര്‍ഡ് വിവാദം കനക്കുന്നതിനിടെയാണ് ഷംസീറിന്റെ പ്രതികരണം. ‘ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ട്’-ഷംസീര്‍ പറഞ്ഞു. പാനൂരില്‍ സിപിഎം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തിനാണ് ഇങ്ങനെയെല്ലാം ബോര്‍ഡ് വെക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ അനുവദിക്കരുത്. ഈ സാഹചര്യത്തില്‍ എന്തിനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താന്‍ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണം’ -ഷംസീര്‍ വ്യക്തമാക്കി.