ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് തിരിച്ചടി; വരിസംഖ്യ കുത്തനെ ഉയർത്തി

ന്യൂഡൽഹി: ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് തിരിച്ചടി. ഉപഭോക്താക്കൾക്കായുള്ള വരിസംഖ്യ കുത്തനെ ഉയർത്തിയിരിക്കുകയാണ് ആമസോൺ പ്രൈം. അടുത്ത മാസം 14 മുതലാണ് വരിസംഖ്യയിൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ തന്നെ വരിസംഖ്യാ വർദ്ധനവിന്റെ സൂചനകൾ ആമസോൺ നൽകിയിരുന്നു. എന്നാൽ എന്ന് മുതലാണെന്ന് പുതുക്കിയ നിരക്ക് നിലവിൽ വരുന്നതെന്ന് ആമംസോൺ പ്രൈം വ്യക്തമാക്കിയിരുന്നില്ല. ഒരു വർഷത്തേക്കുള്ള മെമ്പർഷിപ്പ് പ്ലാനിൽ ഒറ്റയടിക്ക് 500 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 999 രൂപയാണ് പ്ലാനിന്റെ നിരക്ക്. ഡിസംബർ 14 മുതൽ ഇത് 1499 ആയി ഉയരും.

മറ്റ് മെമ്പർഷിപ്പ് പ്ലാനുകളുടെ നിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ട്. മൂന്ന് മാസത്തേക്കുള്ള പ്ലാനിന് ഇനി മുതൽ 459 രൂപയും ഒരു മാസത്തെ പ്ലാനിന് 179 രൂപയുമാണ് ഇനി നൽകേണ്ടി വരിക. 130 രൂപയുടെ വർധനവാണ് മൂന്ന് മാസത്തെ പ്ലാനിൽ വരുത്തിയിരിക്കുന്നത്. 50 രൂപയുടെയും വർദ്ധനവാണ് ഒരു മാസത്തെ പ്ലാനിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം ഡിസംബർ 13 അർദ്ധരാത്രി വരെ നിലവിലെ നിരക്കിൽ മെമ്പർഷിപ്പ് പ്ലാനുകൾ പുതുക്കാം. എന്നാൽ ഒരുതവണ ഇത്തരത്തിൽ പുതുക്കിയ മെമ്പർഷിപ്പ് രണ്ടാമത് പുതുക്കുമ്പോൾ പുതിയ നിരക്ക് അടക്കേണ്ടി വരുന്നതാണ്. ഡിസംബർ 13 വരെയുള്ള കാലയളവിൽ പുതുതായി പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്കും 999 രൂപയ്ക്ക് പുതിയ പ്രൈം അക്കൗണ്ട് എടുക്കാൻ കഴിയും.