സംസ്ഥാനത്ത് 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി; ഉദ്ഘാടനം നവംബര്‍ 22ന്

veena

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയോടനുബന്ധിച്ച് സംസ്ഥാനത്ത് 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും, കെ ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും, എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി. കേഡര്‍ രൂപീകരിക്കുന്നതിന്റെയും ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാവും.

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൗരന് ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ- ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ ഒ.പി.യിലെത്തി ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു.

കെ ഡിസ്‌ക് ആരോഗ്യ വകുപ്പിനായി മൂന്ന് എമര്‍ജിംഗ് ടെക്നോളജി പ്രോജക്ടുകളാണ് വികസിപ്പിച്ചിട്ടുള്ളത്. ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനല്‍ ഇമേജ് ക്വാളിറ്റി അസെസ്മെന്റ് & ഫീഡ്ബാക്ക് ജനറേഷനാണ് ആദ്യത്തേത്. തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ചിത്രങ്ങളുടെ ഗുണനിലവാരം സ്വയമേവ വിശകലനം ചെയ്യാനും 10 സെക്കന്‍ഡിനുള്ളില്‍ ചിത്രങ്ങളുടെ റീടേക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് അറിയാനും ഈ പദ്ധതി സഹായിക്കുന്നു. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത വാക്സിന്‍ കവറേജ് അനാലിസിസ് സിസ്റ്റമാണ് മറ്റൊന്ന്. സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി ചിലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ സംബന്ധിച്ച വിശദംശങ്ങള്‍ ട്രാക്ക് ചെയ്യുന്നതാണ് ഈ പദ്ധതി.