സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍, ഡാമുകള്‍ നിറഞ്ഞു, കരകവിഞ്ഞ് ജലാശയങ്ങള്‍, ആറ് മരണം

death

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ദുരിതപ്പെയ്ത്ത്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശക്തമായ മഴയ്‌ക്കൊപ്പം തന്നെ ഉരുള്‍പൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വന്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒമ്പത് പേരെ കാണാതായത്. കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരില്‍ മൂന്നു പേര്‍ മരിച്ചു. കാണാതായവരില്‍ ആറ് പേര്‍ ഒരു വീട്ടില്‍ നിന്നുള്ളവരാണ്. കൂട്ടിക്കല്‍ സ്വദേശി മാര്‍ട്ടിന്റെ വീട്ടിലുള്ള ആറുപേരെയാണ് കാണാതായത്. പ്രദേശത്ത് ഉണ്ടായിരുന്ന മൂന്ന് വീടുകള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതായാണ് വിവരം.

കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന എത്തുമെന്നാണ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

പൂഞ്ഞാര്‍ ബസ്റ്റോപ്പ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമാണ്. വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഇടുക്കിയിലും മഴക്കെടുതി തുടരുകയാണ്. കാഞ്ഞാറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറിലുണ്ടായിരുന്ന യുവാവും കൂടെ ജോലി ചെയ്യുന്ന യുവതിയുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കൂത്താട്ടുകുളം സ്വദേശി നിഖിലും കൂടെ ഉണ്ടായിരുന്ന യുവതിയുമാണ് മരിച്ചത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 60 സെന്റീമീറ്റര്‍ തുറന്നാണ് വെള്ളം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലും മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിമാലി രാജാക്കാട് റോഡില്‍ വെള്ളത്തൂവലിന് സമീപം വീടിന്റെ മുറ്റം ഇടിഞ്ഞ് റോഡില്‍ പതിച്ചിട്ടുണ്ട്. ഉപ്പുതുറ ചപ്പാത്ത് പാലം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറില്‍ ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

അതേസമയം, വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. നാളെയും മറ്റന്നാളുമാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.