രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു കല്‍ക്കരി ക്ഷാമത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ പ്രതികരണം.

‘രാജ്യത്ത് ഒന്നിനും ഒരു കുറവും ഇല്ല, വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. വൈദ്യുതി മന്ത്രി ആര്‍. കെ. സിങ്ങുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പരക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ടെന്നും വിതരണശൃംഖലയില്‍ തകരാറൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

നേരത്തെ, കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം കല്‍ക്കരിക്കുറവ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു കല്‍ക്കരി വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞത്. കല്‍ക്കരിയുടെ അന്താരാഷ്ട്രവില ടണ്ണിന് 60 രൂപയില്‍ നിന്ന് 190 രൂപയായി വര്‍ധിച്ചത് തിരിച്ചടിയായി. ഇറക്കുമതി ചെയ്യേണ്ട കല്‍ക്കരി പ്ലാന്റുകള്‍ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്പാദനം കുറച്ചു. ഇതുകാരണം ആഭ്യന്തര കല്‍ക്കരിക്ക് മുകളില്‍ സമ്മര്‍ദമേറി. എന്നാല്‍, ഇപ്പോള്‍ ക്ഷാമമില്ലെന്നും സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.