വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാവില്ല, അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, നഗര, ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍ എന്നിവ നിയമസഭ ഇന്നലെ അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ പ്‌ളാന്‍ ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് ഈ വര്‍ഷമാണെന്ന് ബില്ലുകളുടെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി

നൂറു ദിവസം കൊണ്ട് പതിനായിരം പേര്‍ക്ക് വീട് നല്‍കുമെന്ന് പറഞ്ഞിടത്ത് 12,066 പേര്‍ക്ക് നല്‍കാനായി. മാത്രമല്ല, 88,000 വീടുകള്‍ ഈ വര്‍ഷം നല്‍കും. അടുത്ത വര്‍ഷം ഒരു ലക്ഷം വീടുകള്‍ നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കും. വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയില്ലെങ്കിലും ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്. 291 രൂപ. പഞ്ചാബില്‍ 269, രാജസ്ഥാനില്‍ 221, മഹാരാഷ്ട്രയില്‍ 248, ഗുജറാത്തില്‍ 229, കര്‍ണാടകയില്‍ 289, തമിഴ്‌നാട്ടില്‍ 283 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂലി. കേരളത്തിന്റെ ജനകീയാസൂത്രണം ഇന്ത്യയിലുടനീളം നടപ്പിലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജനകീയാസൂത്രണത്തിന്റെ മികവ് കേന്ദ്രം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ഗ്രാമസഭകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിര്‍മ്മാണത്തിന് സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, സംരംഭക മേഖലയില്‍ സ്വീകരിക്കുന്ന നടപടികളുമാണ് പഞ്ചായത്ത് രാജ് ഭേദഗതി ബില്‍. അപകടസാദ്ധ്യത കുറഞ്ഞ കെട്ടിടങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രം സഹിതം നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കുന്നതാണ് മുനിസിപ്പാലിറ്റി ഭേദഗതി ബില്‍.സാംക്രമിക രോഗം പടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതാണ് കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍.