മലയാളികള്‍ക്ക് ഇപ്പോഴും സിനിമയെടുക്കാന്‍ അറിയില്ല, അടിമുടി തട്ടിപ്പും വെട്ടിപ്പും; ഗുഡ്‌നൈറ്റ് മോഹനന്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇപ്പോഴും സിനിമയെടുക്കാന്‍ അറിയില്ലെന്നും, സിനിമയില്‍ അടിമുടിയുള്ള തട്ടിപ്പും വെട്ടിപ്പുമാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗുഡ്‌നൈറ്റ് മോഹനന്‍. കുടിവെള്ളത്തില്‍ തൊട്ട് കോസ്റ്റ്യൂമില്‍ വരെ അഴിമതിയാണെന്ന് അദ്ദേഹം ഒരു പ്രമുഖ ചാനലിനും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മലയാളത്തിലടക്കം ഇന്ത്യന്‍ സിനിമയില്‍ അടിമുടി തട്ടിപ്പും വെട്ടിപ്പുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ” ഏറ്റവും അധികം കള്ളത്തരങ്ങള്‍ ഉള്ളത് സിനിമയിലാണ്. പ്രൊഡക്ഷന്‍, ഫുഡ്, ആര്‍ട്ട്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ ഫീല്‍ഡിലും കള്ളത്തരം ഉണ്ട്. ഇത് നിര്‍ത്താന്‍ ആരൊക്കൊണ്ടും പറ്റില്ല. അപ്പോള്‍ ഞങ്ങള്‍ സിനിമയുടെ ബഡ്ജറ്റ് ഇടുമ്പോള്‍, മൊത്തം എക്‌സ്‌പെന്‍സ് കൂട്ടിയിട്ട് ഒരു പത്തു പെര്‍സെന്റ് ആഡ് ചെയ്യും. അത് ഇതിനാണ്. സിനിമയിലെ കളവുകള്‍ എന്ന് പറഞ്ഞ് മാറ്റിവെക്കാന്‍. ഇതില്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. ഒരു എംപ്ലോയര്‍ എംപ്ലോയി റിലേഷന്‍ഷിപ്പ് സിനിമയിലില്ലെന്ന് ഗുഡ്‌നൈറ്റ് മോഹനന്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, ഒരു ക്രൗഡിന്റെ സീന്‍ എടുക്കാന്‍ നാല്‍പ്പത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്ളൂ എന്ന് വെക്കുക. 60 പേരുടെ ബില്ല് വരും. കുടിക്കാനുള്ള വെള്ളത്തില്‍ വരെ പറ്റിക്കും. ഒരു ലൊക്കേഷനില്‍ പോയി നോക്കിയപ്പോള്‍, ഞാന്‍ കണ്ടത് അവിടുത്ത പ്രൊഡക്ഷന്‍ ബോയ്, മിനറര്‍ വാട്ടര്‍ ബോട്ടില്‍ എടുത്ത് പൈപ്പില്‍നിന്ന് വെള്ളം നിറയ്ക്കുന്നതാണ്. ഇതിന് വൈകുന്നേരം ആകുമ്പോള്‍ മിനറല്‍ വാട്ടറിന്റെ ബില്ല് വരും. ഇങ്ങനെ സിനിമയിലെ കള്ളത്തരങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു.

”ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയാകാലത്ത് എന്ന കമല്‍ ചിത്രം. പക്ഷേ അത് പ്രതീക്ഷിച്ച രീതിയില്‍ കളക്റ്റ് ചെയ്തില്ല. അന്ന ആ സിനിമയെ ബാധിച്ചത് ഒരു ബസ് സമരമായിരുന്നു. സിനിമ വളരെ സെന്‍സിറ്റീവാണ്. എന്ത് സംഭവിച്ചാലും എവിടെ സംഭവിച്ചാലും സിനിമയെ ബാധിക്കും. യുദ്ധം വന്നാലും അരിക്ക് വിലകൂടിയാലും ഡീസലിന് വില കൂടിയാലും അത് സിനിമയെ ബാധിക്കും.- ഗുഡ് നൈറ്റ് മോഹന്‍ ചൂണ്ടിക്കാട്ടി.

പുതിയ പ്രെഡ്യുസര്‍മാര്‍ക്ക് വളരെ സൂക്ഷിച്ചുമാത്രം സിനിമയെടുക്കുക എന്ന ഒരു ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. സിനിമ എടുക്കാന്‍ വരുന്നവര്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യുക. സിനിമക്ക് അങ്ങനെ ഒരു അഡിക്ഷന്‍ ഉണ്ട്. ഒരിക്കല്‍ ഇതില്‍ വന്നാല്‍ പിന്നെ പുറത്തുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. ഞാന്‍ എങ്ങനെയോ പുറത്തുവന്നു. ബാക്കിയുള്ള അഡിക്ഷനെപ്പോലെ ഈ അഡിക്ഷനും മാറ്റി. ഇനി സിനിമ ചെയ്യില്ല എന്നില്ല. ഞാനേ അല്ലെങ്കില്‍ മകനോ വീണ്ടും സിനിമ ചെയ്‌തേക്കാം എന്ന് ഗുഡ്‌നൈറ്റ് മോഹന്‍ അറിയിച്ചു.