അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മന്ത്രിക്കു നേരെ വിരല്‍ ചൂണ്ടി എഫ്‌ഐആറും

ന്യൂഡല്‍ഹി: ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ഡല്‍ഹിയില്‍ എത്താന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു.

കേസില്‍ പ്രതിയായ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞു കയറിയ വാഹനം തന്റേതാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാല്‍ മകന്‍ ആഷിഷ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജോലിക്കാരെ കൊണ്ടുവരാന്‍ വേണ്ടിയാണ് തന്റെ വാഹനം പോയത്. ആ സമയത്ത് മകന്‍ മറ്റൊരിടത്തായിരുന്നു. അവിടുത്തെ ചിത്രങ്ങളും വിഡിയോയുമുണ്ട്. ആഷിഷിന്റെ കോള്‍ റിക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. വാഹനത്തിന്റെ ഡ്രൈവറും രണ്ടു ജോലിക്കാരും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കുണ്ട്. പിന്നീട് വാഹനം കത്തിക്കുകയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അക്രമികളാണ് ഇതൊക്കെ ചെയ്തിരിക്കുന്നതെന്നും മന്ത്രി വാദിച്ചു.

എന്നാല്‍, ലഖിംപുര്‍ കേസില് പൊലീസ് ഇട്ട എഫ്ഐആറില്‍ മന്ത്രിയുടെ മകന്റെ പേരും ഉണ്ടെന്നാണ് വിവരം. കര്‍ഷകര്‍ക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആര്‍. അപകടമുണ്ടാക്കുന്ന രീതിയില്‍ ആശിഷ് വാഹനം കര്‍ഷകര്‍ക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചന്നും എഫ് ഐ ആറില്‍ പറയുന്നു. ഇതോടെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.