ഗതാഗത നിയമലംഘനങ്ങളുടെ പിഴ വർധിപ്പിച്ചു; മദ്യപിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 10,000 രൂപ വരെ പിഴ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ വർധിപ്പിച്ചു. കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി ഇന്നു മുതൽ നിലവിൽ വരും. നേരത്തെ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബർ ഒന്നിന് ശേഷമാണെങ്കിൽ പുതിയ പിഴ ബാധകമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തതിന് ആയിരം രൂപയാണ് പിഴ. ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചാൽ പിഴ 10,000 രൂപയായി വർധിപ്പിച്ചു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപയാണ് പിഴ. മത്സരയോട്ടത്തിന് 5,000 രൂപയും ഇൻഷുറൻസില്ലാതെ വാഹനമോടിക്കലിന് 2,000 രൂപയും അപകടകരമായ ഡ്രൈവിംഗിന് 1,000-5,000 രൂപ വരെയും വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ 5,000 രൂപ മുതൽ 10,000 രൂപ വരെയും ലൈസെൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ 25,000 മുതൽ 1 ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുന്നത്.