വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം ഇനി സ്വതന്ത്ര ചുമതലയുള്ള പോർട്ട് ഓഫീസർക്ക്

കോവളം: അന്താരാഷ്ട്ര ക്രൂ ചേഞ്ചിങ് സെന്ററായ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം ഇനി സ്വതന്ത്ര ചുമതലയുള്ള പോർട്ട് ഓഫീസർക്ക്. വിഴിഞ്ഞത്തിന്റെ ആദ്യ ഓഫീസറായി ക്യാപ്റ്റൻ സിജോ ഗോർജിയോസ് ചുമതലയേറ്റു. വലിയതുറ ഓഫീസ് ഇനി വിഴിഞ്ഞത്തിന്റെ കീഴിലാകും. സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനം നേടിക്കൊടുത്ത ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം. ഇവിടെ ഓഫീസർ ഇല്ലാതെ വന്നത് വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നു. സ്വതന്ത്ര തീരുമാനമെടുക്കാൻ കഴിയാത്ത പർസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു തുറമുഖത്തിന്റെ പ്രവർത്തനം.

കൊല്ലം പോർട്ട് ഓഫീസറുടെ മേൽനോട്ടത്തിലായിരുന്ന വിഴിഞ്ഞം തുറമുഖവും കോഴിക്കോടിന്റെ നിയന്ത്രണത്തിലായിരുന്ന അഴീക്കലും സ്വതന്ത്രമായി. സ്വതന്ത്ര പദവി ലഭിച്ചത് വലിയ വികസന പദ്ധതികൾക്ക് വഴിതെളിക്കുമെന്നാണ് മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യൂ വ്യക്തമാക്കുന്നത്. നിലവിൽ കൊല്ലം വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാർഗോ ഷിപ്പിംഗ് വിഴിഞ്ഞത്തേക്ക് കൂടി നീട്ടാനുംം തീരുമാനമായി.

അടുത്ത വർഷത്തോടെ വിദേശ ആഡംബര കപ്പലുകളെ എത്തിക്കാനും മാലി ,തൂത്തുക്കുടി എന്നിവിടങ്ങളുമായുള്ള ചരക്കു കപ്പൽ സേവനത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി ചെയർമാൻ പറഞ്ഞു. തുറമുഖത്തിനുള്ളിലെ ആഴം കൂട്ടാനുള്ള ഡ്രഡ്ജിങ്ങും ഉടൻ ആരംഭിക്കും. ഐ.എസ്.പി.എസ്. കോഡ് ലഭിക്കുന്നതോടെ ക്രൂ ചേഞ്ചിംഗിനൊപ്പം അനുബന്ധ സേവനങ്ങളും വിഴിഞ്ഞത്തു നിന്നുണ്ടാകും. നിലവിൽ ചരക്കുകപ്പലുകളുടെ വൻ തിരക്കാണ് വിഴിഞ്ഞത്ത് അനുഭവപ്പെടുന്നത്. യാത്രക്കിടയിൽ ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി കഴിഞ്ഞ മാസം മാത്രം 87 ചരക്കുകപ്പലുകളാണ് വിഴിഞ്ഞം തീരത്തെത്തിയത്.