രാജ്യത്തെ രണ്ടാമത്തെ വലിയ കോണ്‍ഗ്രസ് മന്ദിരം കണ്ണൂരില്‍; സുധാകരന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത് ആധുനിക സജ്ജീകരണങ്ങള്‍

കണ്ണൂര്‍: രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ കോണ്‍ഗ്രസ് മന്ദിരം കണ്ണൂരില്‍. തളാപ്പ് പാമ്ബന്‍ മാധവന്‍ റോഡിലാണ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ ഈ കോണ്‍ഗ്രസ് ഭവന്‍് രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഡി.സി.സി മുന്‍ പ്രസിഡന്റ് അന്തരിച്ച കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് മന്ദിരത്തിന് അടിത്തറയിട്ടത്. 6,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകള്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ മുന്‍കൈയെടുത്ത് പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളും, ഓഫീസ് റൂമും ഡി.സി.സി അദ്ധ്യക്ഷന്റെ ഓഫീസും, അടുക്കളയുമുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാ പോഷക സംഘടനകളുടെയും ഓഫീസുകള്‍ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. നവമാദ്ധ്യമ ഇടപെടലുകള്‍ക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങളോടുകൂടിയ മുറികളുമുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ പ്രധാന ഭാരവാഹികള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഇതിനായി പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നും തത്സമയം ഉദ്ഘാടന നടപടികള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍, എം.എം.ഹസ്സന്‍, കൊടിക്കുന്നില്‍ സരേഷ്, പി.ടി.തോമസ്, എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി.സിദ്ദിഖ് തുടങ്ങിയവര്‍ നേരിട്ടും എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.