സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയടക്കം ആറു പ്രതികള്‍; എഫ് ഐ ആര്‍ സമര്‍പ്പിച്ച് സി ബി ഐ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ച് സി ബി ഐ. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ പീഡന പരാതിയിലാണ് തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേരള പോലീസ് നാലു വര്‍ഷത്തോളം കേസില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റാരോപിതരായ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ് സി ബി ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സര്‍ക്കാരിനെ സമീപിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി സി ബി ഐയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയും നല്‍കിയിരുന്നു.

2012 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പോലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ലെന്നും, സംഭവം നടന്ന് ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു പേലീസിന്റെ വിശദീകരണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.