മൂന്നാം തരംഗം മുന്നിലുണ്ട്; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ വന്‍ അപകടമെന്ന് ആരോഗ്യമന്ത്രി !

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തല്‍സ്ഥിതി തുടര്‍ന്നാല്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് മന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രണ്ടാം തരംഗത്തില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മോചനം നേടിയിട്ടില്ലെന്നും, കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്, മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവും സംസ്ഥാനത്തുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാത്രമല്ല, വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്, വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാം തരംഗത്തിന് മുന്നോടിയായി ഓക്സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക അവലോക യോഗത്തിലാണ് വിലയിരുത്തലുകളും തീരുമാനങ്ങളും കൈക്കൊണ്ടത്.