സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. സർവകലാശാല സമർപ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സാങ്കേതിക സർവ്വകാലാശാല പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയതായി സർവകലാശാല വ്യക്തമാക്കി. ജൂലൈ 29 മുതൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തുമെന്നും മാറ്റിവെച്ച ജൂലൈ 28 ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും സർവകലാശാല അധികൃതർ കൂട്ടിച്ചേർത്തു.