ബിജെപിക്കെതിരെയുള്ള സഖ്യ നീക്കം; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മമതാ ബാനർജി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച ഫലപ്രദമായിരുന്നുവെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റുമെന്നും മമത പ്രതികരിച്ചു.

ബിജെപിക്കെതിരെയുള്ള സഖ്യത്തെ ആരുനയിച്ചാലും പ്രശ്‌നമില്ലെന്നാണ് മമത ബാനർജിയുടെ നിലപാട്. സഖ്യനീക്കത്തിന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളായ കമൽനാഥ്, ആനന്ദ് ശർമ്മ എന്നിവരുമായും മമത ബാനർജി ഇന്ന് ചർച്ച നടത്തിയിരുന്നു. വിശാല സഖ്യത്തിൽ അരവിന്ദ് കെജ്രിവാളിന്റെയും നിലപാട് കൂടി ചോദിച്ചറിയാനാണ് മമത ലക്ഷ്യമിടുന്നത്. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനർജി ചർച്ച നടത്തുമെന്നാണ് വിവരം.