തീപിടുത്തത്തിന്റെ അപകട സാധ്യതയില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാം; പുതിയ യാത്രാ കോച്ചുകൾ നിർമ്മിച്ച് റെയിൽവേ

ന്യൂഡൽഹി: ഇനി തീപിടുത്തത്തിന്റെ അപകട സാധ്യതയില്ലാതെ സുരക്ഷിതമായി ട്രെയിനിൽ യാത്ര ചെയ്യാം. തീപിടുത്തം ചെറുക്കാൻ കഴിവുള്ള യാത്രാ കോച്ചുകൾ റെയിൽവേ നിർമ്മിച്ചു. പഞ്ചാബിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ പുതുതായി നിർമ്മിച്ച യാത്രാ കോച്ചുകൾക്കാണ് തീപിടുത്തം ചെറുക്കാൻ കഴിവുള്ളത്. വിവിധ പരീക്ഷണങ്ങൾക്കൊടുവിലാണ് റെയിൽവേ ഇത്തരത്തിലൊരു കോച്ച് വികസിപ്പിച്ചെടുത്തത്. ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നൽകുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക്കൽ ഫിറ്റിംഗ്, ടെർമിനൽ ബോർഡ്, കണക്ടർ ഇവയ്ക്കെല്ലാമായി മെച്ചപ്പെട്ട വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കോച്ചിൽ യാത്രക്കാരുടെ സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇതിലൂടെ തീപിടിത്തത്തിൽ നിന്ന് യാത്രക്കാർ പരമാവധി സുരക്ഷിതരെന്ന് റെയിൽവെ ഉറപ്പാക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നു. 1992 ൽ മേൽക്കൂരയിൽ എസി ഘടിപ്പിച്ച് കോച്ചുകൾ പുറത്തിറക്കിയതും കപൂർത്തലയിലെ കോച്ച് ഫാക്ടറിയിലാണ്.