കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് നിർബന്ധമോ? വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ

വാഷിംഗ്ടൺ: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇന്ന് ലോകരാജ്യങ്ങൾ. രോഗ വ്യാപനം നിയന്ത്രിക്കാനായി രാജ്യങ്ങൾ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രണ്ടുഡോസ് വാക്‌സിനുകളാണ് പൊതുവെ മിക്ക രാജ്യങ്ങളും നൽകുന്നത്. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞവർക്കായി ഇപ്പോൾ മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കൂടി ചില രാജ്യങ്ങൾ നൽകുന്നുണ്ട്. ഇതോടെ കോവിഡ് പ്രതിരോധത്തിന് രണ്ടു ഡോസ് വാക്‌സിൻ പര്യാപ്തമല്ലേയെന്ന തരത്തിലുള്ള ചർച്ചകൾ ഉയരുകയാണ്.

ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യത്തെ കുറിച്ചും അത് നിർബന്ധമാക്കേണ്ടതുണ്ടോയെന്നതിനെ കുറിച്ചും ഉടൻ തന്നെ വ്യക്തത ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജൂലൈ മാസം ആദ്യത്തോടെയാണ് ഫൈസർ വാക്സിൻ നിർമ്മാതാക്കൾ യുഎസിനോടും യൂറോപ്യൻ അതോറിറ്റികളോടും മൂന്നാം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യാനുള്ള അനുമതി തേടിയത്. രണ്ട് ഡോസ് കൊണ്ട് പ്രതിരോധ ശേഷിയെ ഉണർത്താൻ സാധിക്കാത്തവരിൽ ഈ മൂന്നാമത് ഡോസ് ഫലം ചെയ്യുമെന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്.

പുതിയ വൈറസ് വകഭേദങ്ങൾ വന്നതോടെ മൂന്നാമതൊരു ഡോസിന്റെ കൂടി ആവശ്യം ഉയർന്നിരിക്കുന്നുവെന്നാണ് വാക്സിൻ നിർമ്മാണ കമ്പനികൾ വ്യക്തമാക്കുന്നത്. കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് സഹായകമാകുമെന്നും വാക്‌സിൻ നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു. അതേസമയം എല്ലാവരും നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിലപാട് ശരിയല്ലെന്നും അത് ബുദ്ധിമുട്ടുകൾക്കിടയാക്കുമെന്നും യുഎസിൽ നിന്നുള്ള കോവിഡ് വിദഗ്ധൻ ആന്തണി ഫൗച്ചി വ്യക്തമാക്കി. ഇപ്പോഴും രണ്ട് ഡോസ് വാക്സിൻ കിട്ടാത്തവരുണ്ടെന്നും അക്കാര്യമാണ് അടിയന്തരമായി പരിഹരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള വിദഗ്ധർ മൂന്നാം ഡോസ് വാക്സിനെ കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മൂന്നാം ഡോസ് കൂടിയേ തീരൂ എന്നതിന് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യൂഎച്ച്ഒ അടിയന്തര സമിതി ഡയറക്ടർ ദിദിയെർ ഹൊസിൻ പറഞ്ഞു. ഇതുവരെയും രണ്ട് ഡോസ് വാക്സിൻ പോലും ലഭിക്കാത്തവരുള്ള സാഹചര്യത്തിൽ മൂന്നാം ഡോസ് പുതിയ പ്രശ്നമായി ഉയരുമെന്ന ആശങ്കയും അറിയിച്ചു. ഫ്രാൻസ്, ഇസ്രയേൽ, ഹംഗറി എന്നീ രാജ്യങ്ങൾ തെരഞ്ഞെടുത്തവർക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പല ഘടകങ്ങൾ മൂലം പ്രതിരോധ ശേഷി ദുർബലമായവർക്കാണ് ബൂസ്റ്റർ ഡോസിന് പ്രഥമപരിഗണന നൽകുന്നത്.