ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി; ലക്ഷദ്വീപിൽ ബിജെപി പ്രവർത്തകരുടെ കൂട്ടരാജി

aisha

കവരത്തി: സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ബിജെപിയിൽ കൂട്ടരാജി. ഐഷാ സുൽത്താനയ്‌ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് 15 നേതാക്കളും പ്രവർത്തകരും ബിജെപിയിൽ നിന്നും രാജി വെച്ചു.

ഐഷാ സുൽത്താനയ്‌ക്കെതിരെ നടപടിയെടുത്തതാണ് പാർട്ടി വിടാൻ കാരണമെന്ന് നേതാക്കൾ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജിയാണ് ഐഷാ സുൽത്താനയ്ക്കെതിരെ പരാതി നൽകിയത്. 124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിലാണ് ഐഷക്കെതിരെ നടപടി സ്വീകരിച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശങ്ങളെന്നും രാജ്യത്തെയോ കേന്ദ്ര സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്നും വ്യക്തമാക്കി പിന്നീട് ഐഷാ സുൽത്താന രംഗത്തെത്തിയിരുന്നു.