എല്ലാ അയൽ രാജ്യങ്ങളുമായും സ്വാഭാവിക ബന്ധമാണ് ആഗ്രഹിക്കുന്നത്; അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടത് ഇസ്ലാമാബാദ്; ഇന്ത്യ

ന്യൂഡൽഹി: യുഎൻ പൊതുസമ്മേളനത്തിൽ പാകിസ്താന് മറുപടിയുമായി ഇന്ത്യ. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽ രാജ്യങ്ങളുമായും സ്വാഭാവിക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഐക്യരാഷ്ട്ര സംഭയിൽ ഇന്ത്യ വ്യക്തമാക്കി. അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുളള ഉത്തരവാദിത്തം ഇസ്ലാമാബാദിനാണെന്ന് യുഎൻ പൊതുയോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായ ആർ മധുസൂദൻ പറഞ്ഞു.

അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു പ്രദേശവും ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2020 ലെ സുരക്ഷാ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച യു.എൻ പൊതു യോഗത്തിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീകരതയും ശത്രുതയും ആക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്‌നങ്ങൾ ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കപ്പെടമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

പാകിസ്താന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുളള ഭീകരതയ്ക്ക് ഒരു തരത്തിലും ഉപയോഗിക്കാതിരിക്കാൻ, വിശ്വസനീയവും തെളിയിക്കാവുന്ന തരത്തിലുമുളള നടപടി സ്വീകരിക്കണം. ഇത്തരം നടപടികളിലൂടെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുളള ഉത്തരവാദിത്തം പാകിസ്ഥാനാണ്.

പാക് പ്രതിനിധി മുനീർ അക്രം യുഎൻ പൊതു സമ്മേളനത്തിൽ സംസാരത്തിനിടെ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഫോറത്തിന് അനുയോജ്യമല്ലാത്ത നാടകാഭിനയം പാകിസ്താൻ തുടരുന്നത് നിർഭാഗ്യകരമാണെന്ന് മധുസൂദൻ കുറ്റപ്പെടുത്തി. ഈ പ്രതിനിധി സംഘത്തിനാൽ അന്താരാഷ്ട്ര സമൂഹം ഇനി വഞ്ചിതരാകില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും കാര്യത്തിൽ പാർലമെന്റ് എടുത്ത തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. പാകിസ്ഥാൻ യു.എൻ ഫോറത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ വീണ്ടും ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.