ഫുക്കുഷിമ ആണവ പ്ലാന്റിൽ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങി അധികൃതർ; എതിർപ്പുമായി ഈ രാജ്യങ്ങൾ

ഫുക്കുഷിമ പ്ലാന്റിൽ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങി അധികൃതർ. ചെർണോബിലിന് ശേഷമുള്ള ഏറ്റവും വലിയ ആണവദുരന്തമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫുക്കുഷിമ ആണവനിലയ ദുരന്തം. 2011-ൽ തീവ്രത 9 രേഖപ്പെടുത്തിയ ഭൂകമ്പം മൂലം ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയർ പവർ പ്ലാന്റ് വെള്ളക്കെട്ടിലായിരുന്നു. ഇതിനെ തുടർന്ന് സമീപപ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വന്നത് ഒന്നരലക്ഷത്തിലധികം ആളുകളെയാണ്. പ്ലാന്റ് ഡീകമ്മീഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇതിന് വർഷങ്ങൾ വേണ്ടി വന്നേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

മലിനജലം കടലിൽ ഒഴുക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ എതിർപ്പ് ഉയർത്തി ചൈനയും ദക്ഷിണ കൊറിയയും രംഗത്തെത്തി. ന്യുക്ലിയർ റിയാക്ടറുകൾ തണുപ്പിക്കുന്നതിനാവശ്യമായ ജലം സൂക്ഷിക്കാനുള്ള സ്ഥലം നിലവിൽ ആണവനിലയത്തിലില്ല. ജപ്പാനിലെ പൊതുജനങ്ങളുടെയും അയൽരാജ്യങ്ങളുടെയും ആശങ്ക പരിഗണിക്കാതെയാണ് രണ്ടു വർഷ പഠനകാലയളവിന് ശേഷം റിപ്പോർട്ട് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പുറത്തുവിട്ടതെന്നാണ് ഉയരുന്ന വിമർശനം.

റേഡിയോ ആക്ടീവ് ഘടകങ്ങൾ ഫിൽറ്റർ ചെയ്താണ് വെള്ളം പുറത്തേക്ക് വിടുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മലിന ജലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള ട്രിറ്റിയം, കാർബൺ 14 തുടങ്ങിയവ മാത്രമേ ഉള്ളൂവെന്നും പ്ലാന്റ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.