എഐ ക്യാമറകൾക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയും; ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാൻ എ ഐ ക്യാമറയ്ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പ് നോട്ടിസ് നൽകുന്നത് ഒരു മാസം കൂടി തുടരാൻ തീരുമാനിച്ചതോടെയാണ് തീയതി ദീർഘിപ്പിച്ചത്.

റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുളളത്. മേയ് അഞ്ച് മുതൽ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയിരുന്നു. ട്രയൽ റൺ നടത്തിയപ്പോൾത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും.