കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെ; പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺഗ്രസിന്റെ നയമെന്ന് പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോൺഗ്രസിന്റെ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജസ്ഥാനിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ തീരുമാനത്തിനെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം കൈവരിച്ച പുരോഗതി കോൺഗ്രസിന് ദഹിക്കുന്നില്ല. പാവപ്പെട്ടവരുടെ മകൻ കോൺഗ്രസ് ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കാത്തതിനാൽ അവർക്ക് ദേഷ്യമാണ്. പാവപ്പെട്ടവരെ തെറ്റിധരിപ്പിച്ച് അവരെ വഞ്ചിക്കുകയെന്നത് കോൺഗ്രസിന്റെ നയമാണ്. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങളും ഏറെ ദുരിതമനുഭവിച്ചു. ജനസേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഒൻപത് വർഷത്തെ ബിജെപി സർക്കാരിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ഇന്ത്യക്കാരനും കാണിക്കുന്ന ദൃഢനിശ്ചയം സമാനതകളില്ലാത്തതാണ്. എന്നാൽ ചിലർക്ക് ഇത് ദഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.