പോപ്പുലർ ഫ്രണ്ട് കേസ്; മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധനയുമായി എൻഐഎ

തിരുവനന്തപുരം: കേരളത്തിൽ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി. പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. 25 ഇടങ്ങളിൽ പരിശോധന നടന്നു. കേരളത്തിന് പുറമെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബിഹാറിൽ റെയ്ഡ് നടക്കുന്നത്.

കേരളത്തിൽ കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് പരിശോധന നടക്കുന്നത്. കുഞ്ചത്തൂർ മുനീറിന്റെ വീട്ടിലാണ് പരിശോധന. കേസിൽ കുഞ്ചത്തൂർ സ്വദേശി ആബിദ് നേരത്തെ അറസ്റ്റിലായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ 16 ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ പോസ്റ്റർ ഇറക്കിയിരുന്നു. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻഐഎ പോസ്റ്റർ പതിച്ചിരിക്കുന്നത്.