സ്വർണപ്പിടി, 100 സെന്റിമീറ്റർ നീളം; ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്

ന്യൂഡൽഹി: മുൻ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വിലയാണ് വാളിനു ലഭിച്ചെന്നാണ് ബോൺഹാംസ് വ്യക്തമാക്കുന്നത്. ടിപ്പുവിന്റെ കൊട്ടാരത്തിലെ സ്വകാര്യമുറിയിൽ നിന്ന് കണ്ടെത്തിയ വാളാണിത്. വാളിന്റെ ”വളരെ അപൂർവമായ കാലിഗ്രാഫിക് ഹിൽറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യൻ നിർമ്മാണത്തിന്റെ ഒരു മാസ്റ്റർപീസ് ആണെന്ന് ബോൺഹാംസ് അറിയിച്ചു.

ഈ വാളിന് അസാധാരണമായ ഒരു ചരിത്രമുണ്ട്. സമാനതകളില്ലാത്ത കരകൗശല വിരുതും ഇതിൽ കാണാമെന്നും ബോൺഹാംസ് വിശദീകരിച്ചു. സ്വർണപ്പിടിയാണ് ഈ വാളിന്റെ മറ്റൊരു പ്രത്യേകത. 100 സെന്റിമീറ്ററാണ് വാളിന്റെ നീളം. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് മേജർ ജനറലായിരുന്ന ഡേവിഡ് ബെയർഡാണ് വാൾ കൈവശം വച്ചിരുന്നത്. അതേസമയം, ലേലത്തിൽ വാൾ സ്വന്തമാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.