രക്ഷാപ്രവർത്തനം വിഫലം; കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ആലപ്പുഴ: കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു. ചെങ്ങന്നൂരിലാണ് സംഭവം. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാനാണ് മരിച്ചത്. 12 മണിക്കൂറിലെ രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു വയോധികനെ കിണറ്റിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്. ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കിണർ വൃത്തിയാക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണതിനെ തുടർന്നാണ് വയോധികനായ തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങിയത്. ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പിന്നീട് നാട്ടുകാരും അഗ്നി ശമന സേനയും നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ അദ്ദേഹത്തെ കിണറ്റിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്റെ സിമിന്റ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ താഴേക്ക് വീണു. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ സംഭവ സ്ഥലത്തെത്തിയിരുന്നു.