‘പാര്‍ലമെന്റിന്റെ വിശ്വാസത്തിന്റെ പ്രതീകമായ പ്രധാനമന്ത്രി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതില്‍ സന്തോഷം’: രാഷ്ട്രപതി

‘പാര്‍ലമെന്റിന്റെ വിശ്വാസത്തിന്റെ പ്രതീകമായ’ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മന്ദിരം ഉദ്ഘാടനം ചെയ്ത് എന്നതില്‍ താന്‍ അതീവ സംതൃപ്തയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി അയച്ച സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് ആണ് ലോക്‌സഭാ ചേംബറില്‍ വായിച്ചത്.

‘രാജ്യത്തിന്റെ പാരമ്പര്യത്തില്‍ പാര്‍ലമെന്റിന് പ്രത്യേക സ്ഥാനമുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഉദാഹരണം എന്നും പാര്‍ലമെന്റിനെ രാഷ്ട്രപതി വിശേഷിപ്പിച്ചു. നിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ രാഷ്ട്രമാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തത്. പാര്‍ലമെന്റിന്റെ വിശ്വാസത്തിന്റെ പ്രതീകമായ പ്രധാനമന്ത്രി ഈ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അഗാധമായ സന്തോഷമുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, പല നിയമനിര്‍മാണങ്ങള്‍ക്കും പാര്‍ലമെന്റ് സാക്ഷിയായി. കോടിക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തിയ നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഈ നിമിഷം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തും. രാജ്യത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള, കിഴക്കേ അതിര്‍ത്തി മുതല്‍ പടിഞ്ഞാറന്‍ തീരം വരെയുള്ള, എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ് ഇത്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് ആരോഗ്യകരവും അര്‍ത്ഥവത്തായതുമായ സംവാദങ്ങള്‍ നടക്കുന്നുണ്ടെന്നും അത് ജനാധിപത്യത്തോടുള്ള ബഹുമാനത്തിന്റെ അടയാളമാണ്’- രാഷ്ട്രപതി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. രാഷ്ട്രപതിയെ പൂര്‍ണമായും ഒഴിവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനം രാജ്യത്തിനാകെ അപമാനവും, നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണവും ആണെന്ന് 19 ഓളം പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.