മണിപ്പുരിൽ തീവ്രവാദ ഭീഷണിയില്ല; രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് സംയുക്ത സേനാമേധാവി

ന്യൂഡൽഹി: മണിപ്പുരിൽ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് എത്താൻ സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മണിപ്പൂരിൽ മെയ്‌തെയ്-കുക്കി ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം മണിപ്പൂരിലെത്തിയത്. മണിപ്പൂരിൽ അദ്ദേഹം ഉന്നതലയോഗം ചേരുകയും ചെയ്തിരുന്നു. അമിത് ഷായുടെ സന്ദർശനത്തിനു തൊട്ടുമുൻപ് മെയ്‌തെയ് തീവ്രവാദഗ്രൂപ്പുകളും അസം റൈഫിൾസും തമ്മിൽ വെടിവയ്പുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർത്താണ് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. വരും ദിവസങ്ങളിൽ അക്രമ ബാധിത മേഖലകൾ ഉൾപ്പെടെ അദ്ദേഹം സന്ദർശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. സംസ്ഥാനത്ത് മൂന്ന് ദിവസം അദ്ദേഹം ഉണ്ടാകും.

അതേസമയം, മണിപ്പൂരിൽ ആയുധങ്ങളുമായി യുവാക്കൾ പിടിയിലായി. മൂന്ന് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ ചൈനീസ് നിർമിത ആയുധങ്ങളും ഉൾപ്പെടുന്നുണ്ട്. ഇവരിൽ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ, ഇൻസാഫ് റൈഫിൾ എന്നിവയുൾപ്പടെയുള്ള നിരവധി ആയുധങ്ങളാണ് കണ്ടെടുത്തത്.