‘മത നിരപേക്ഷ രാജ്യത്ത് ഭരണഘടനാ വിരുദ്ധമായ രീതിയില്‍ മതമന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നു’; വിമര്‍ശിച്ച് മന്ത്രി പി. രാജീവ്

മതനിരപേക്ഷ രാജ്യത്ത് ഒരു മതത്തിന്റെ മാത്രം ആചാരത്തിന്റെ അകമ്പടിയോടെ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ഫേസ്ബുക്കില്‍ പ്രതികരിച്ച് മന്ത്രി പി. രാജീവ്. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാതെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിച്ചത് ആര്‍ട്ടിക്കിള്‍ 79- ന്റെ ലംഘനം കൂടിയാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാചകങ്ങള്‍ വോട്ടിനിട്ടാണ് ഭരണഘടന അസംബ്ലി നിശ്ചയിച്ചത്. ദൈവത്തിന്റെ പേരില്‍ , ‘In the name of god എന്ന വാചകത്തില്‍ ‘ആമുഖം തുടങ്ങണമെന്ന് എച്ച് വി കാമ്മത്ത് ഭേദഗതി നിര്‍ദ്ദേശിച്ചു. we the people, ജനങ്ങളുടെ പേരില്‍ തന്നെ തുടങ്ങണമെന്നതായിരുന്ന കരട്. ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ന്നു. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഭരണഘടന ദൈവത്തിന്റെ പേരില്‍ ആരംഭിക്കുന്നതിനെ വിശ്വാസിയാണെങ്കിലും താന്‍ എതിര്‍ക്കുന്നുവെന്ന് പട്ടം താണുപിള്ളയെ പോലുള്ളവര്‍ പറഞ്ഞു. കാമ്മത്ത് ഭേദഗതി പ്രസ്സ് ചെയ്തു. 68- 41 we the people വിജയിച്ചു. ഇന്ന് ഏഴര പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഒരു മതത്തിന്റെ മാത്രം ആചാരത്തിന്റെ അകമ്പടിയോടെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് തുല്യമായ അവകാശം ഉറപ്പു വരുത്തുന്ന മത നിരപേക്ഷ രാജ്യത്ത് ഭരണഘടനാ വിരുദ്ധമായ രീതിയില്‍ പാര്‍ലമെന്റ് മന്ദിരം പോലും ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ഏത് സംസ്‌കൃതിയെയും പാരമ്പര്യത്തേയും കുറിച്ചാണ് പ്രധാനമന്ത്രി മോദിയും സംഘപരിവാരവും സംസാരിക്കുന്നത്? ആയിരം വര്‍ഷത്തോളം ഇന്ത്യയില്‍ ആധിപത്യമുണ്ടായിരുന്ന ബുദ്ധമതത്തിന്റെയോ ജൈന മതത്തിന്റേയോ ദര്‍ശനവുമായി എന്തെങ്കിലും ബന്ധം ഇന്നത്തെ ചടങ്ങുകള്‍ക്കുണ്ടോ? നാസ്തിക ദര്‍ശനത്തിനും ഇടമുണ്ടായിരുന്ന സംസ്‌കൃതിയെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കൊണ്ട് തകര്‍ക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന, ദളിത് , പിന്നോക്ക , ഗോത്ര വിശ്വാസങ്ങളെ അടിച്ചമര്‍ത്തി ഏകമുഖ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു – രാജ്യത്തിന് ഔദ്യോഗികമായ മതം വേണമെന്ന ആവശ്യത്തേയും ഭരണഘടന അസംബ്ലി തള്ളിക്കളഞ്ഞതാണ്. എന്നാല്‍, ഇന്നത്തെ ചടങ്ങുകള്‍ അതിനെ റദ്ദ് ചെയ്യുന്നതാണ്.

രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാതെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തതില്‍ ആര്‍ട്ടിക്കിള്‍ 79 ന്റെ ലംഘനം മാത്രമല്ല. പാര്‍ലമെണ്ട് എന്നത് എക്‌സിക്യുട്ടിവിന്റെ കേവലം അനുബന്ധം മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. പഴയ മന്ദിരത്തിലേത് സ്വതന്ത്ര പാര്‍ലമെണ്ടിന്റെ കാഴ്ചപ്പാടായിരുന്നുവെങ്കില്‍ പുതിയ മന്ദിരത്തിലേത് എക്സിക്യൂട്ടീവ് പാര്‍ലമെണ്ടായിരിക്കുമെന്ന് ഉദ്ഘാടകന്റെ തെരഞ്ഞെടുപ്പ് വഴി പ്രഖ്യാപിക്കുന്നു.

ഇത് ഹിന്ദുസ്ഥാനല്ല ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചത് ഭരണഘടന അസംബ്ലിയാണ്. ഹിന്ദുസ്ഥാന്‍, ഭാരത വര്‍ഷ, അഖണ്ഡ ഭാരത തുടങ്ങിയ പേരുകളെല്ലാം തള്ളിക്കളഞ്ഞാണ് ആര്‍ട്ടിക്കിള്‍ ഒന്ന് അംഗീകരിച്ചത്. India that is Bharat Shall be a union of states. ഇന്ന് ഇന്ത്യയെ ഇല്ലാതാക്കി ഹിന്ദുസ്ഥാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തില്‍ നിന്നും മത രാഷ്ട്രത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്. ഭരണഘടന അസംബ്ലിയില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ അംബേദ്കര്‍ ഒരു മുന്നറിയിപ്പ് കൂടി നല്‍കിയിരുന്നു. മതത്തിന്റെ പേരിലുള്ള രാഷട്രീയ പാര്‍ടികള്‍ ഏതിനെയായിരിക്കും മുകളില്‍ സ്ഥാപിക്കുകയെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ‘നിങ്ങള്‍ രാഷ്ട്രത്തിന്റെ മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കുമോ അതോ വിശ്വാസത്തിന്റെ മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ? രാഷ്ട്രത്തിന്റെ മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം തന്നെ ഇല്ലാതാകും. അവസാന തുള്ളി രക്തം നല്‍കിയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’ അംബേദ്ക്കറുടെ ഈ വാക്കുകള്‍ക്ക് ഇന്നത്തെ ദിവസം ഏറെ പ്രസക്തിയുണ്ട്