പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും: വി. മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്നും, ഇത് കേന്ദ്രത്തിന്റെ കടുംവെട്ടാണെന്നും ശക്തമായി പ്രതിഷേധിക്കണമെന്നുമുള്ള ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്.

‘പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങള്‍ ബാധകമാണ്. നടപ്പുവര്‍ഷം അനുവദിച്ച 55,182 കോടിയില്‍ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ല്‍ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി 5,131 കോടി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക. അതിനെ ‘വെട്ടികുറക്കല്‍’ ആയി ധനമന്ത്രി ചിത്രീകരിക്കുക ആണ്. ആര്‍ബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുള്ളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകള്‍. അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവര്‍ത്തകര്‍ പരിശോധിക്കണം. പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ല’- മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്ന് ധനമന്ത്രി കെ എന്‍ ബാലപോപാല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ‘കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റ് ഇനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിതെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കാറുണ്ട്.
32,440 കോടി രൂപ പരിധി നിശ്ചയിച്ച് നല്‍കിയെങ്കിലും വായ്പ എടുക്കാന്‍ അനുമതി പക്ഷേ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്നാണ് കരുതുന്നത്’- മന്ത്രി പറഞ്ഞിരുന്നു.