മോദിയുടെ അതേ മൗനമാണ് പിണറായിക്ക്: എം.എം ഹസന്‍

കോഴിക്കോട്: സംസ്ഥാനത്തെ കെ ഫോണ്‍, എ ഐ ക്യാമറ തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതി നടന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇതിന്റെയെല്ലാം പ്രഭവ കേന്ദ്രമെന്നും യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ശിവശങ്കറാണെന്നും മുഖ്യമന്ത്രി മടിയില്‍ കനമുള്ളത് കൊണ്ട് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.എം ഹസന്റെ വാക്കുകള്‍

‘കേരളത്തില്‍ അഴിമതി രാജ് ആണ്. പിണറായി നയിക്കുന്ന അഴിമതി സര്‍ക്കാര്‍ ആണ് ഇവിടെയുള്ളത്. മോദിയുടെ അതേ മൗനമാണ് പിണറായിക്ക്. പിണറായി മൗനത്തിന്റെ വാല്മീകത്തില്‍ നിന്നും പുറത്തു വരണം. സര്‍ക്കാര്‍ അന്വേഷണം നടത്താതെ മുന്നോട്ട് പോകാനാണ് ശ്രമം എങ്കില്‍ പിടിച്ചു നിര്‍ത്തി കണക്കു പറയിക്കാന്‍ അറിയാം. എ ഐ ക്യാമറ അഴിമതിയില്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ല. വ്യക്തമായ തെളിവുകള്‍ ചെന്നിത്തലയും വി ഡി സതീശനും ഹാജരാക്കിയിട്ടും സര്‍ക്കാര്‍ അന്വേഷണത്തിനു തയ്യാറാകുന്നില്ല. അഴിമതി മൂടി വെക്കാനാണ് ശ്രമം. പിണറായി സര്‍ക്കാര്‍ എല്ലാ അഴിമതിയും നടത്തുന്നത് പൊതു മേഖല സ്ഥാപനങ്ങളിലൂടെയാണ്. കെ ഫോണിലും വന്‍ അഴിമതി നടന്നു. ഇതിലെല്ലാം ശിവശങ്കറിനും പങ്കുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ തീപിടിപ്പിച്ചതാണെന്നു ബലമായി സംശയിക്കുന്നു. കോര്‍പറേഷന്റെ അഴിമതിയെ കുറിച്ച് വിവരം പുറത്തു വന്നതാണ്. അഴിമതി തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു കളയാന്‍ അഴിമതിയില്‍ ഉള്‍പ്പെട്ട ആളുകള്‍ പ്ലാന്‍ ചെയ്തു. ഇതിലും നിഷ്പക്ഷമായ വിദഗ്ധ അന്വേഷണ നടത്തണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. നാളെ എറണാകുളത്തു ചേരുന്ന യൂ ഡി എഫ് ഏകോപന സമിതിയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രക്ഷോഭത്തെ കുറിച്ചും തീരുമാനം എടുക്കും. ചെങ്കോല്‍ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നത്. അങ്ങനെയുള്ള തരൂരില്‍ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യാറില്ല. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരന്‍ പറഞ്ഞത്. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാന്‍ ഉള്ള ശക്തി പാര്‍ട്ടിക്കില്ല.’