പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; ചടങ്ങിൽ പങ്കെടുക്കാനെത്തിയ സന്ന്യാസിമാർക്ക് കേന്ദ്ര സർക്കാർ നൽകിയത് വലിയ സ്വീകരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ചതുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതിനോടൊപ്പം തന്നെ വാർത്തകളിൽ നിറയുന്ന മറ്റൊരു കാര്യമാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ സന്ന്യാസിമാർക്ക് കേന്ദ്ര സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ. പ്രത്യേക വിമാനത്തിലായിരുന്നു മഠാധിപർമാരെയും ഓഡുവർമാരെയും (തമിഴ് ഗായകർ) കേന്ദ്ര സർക്കാർ ഡൽഹിയിലെത്തിച്ചത്. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ വരും ദിവസങ്ങളിൽ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കാണ് മഠാധിപരുടെയും സഹായികളുടെയും കാര്യങ്ങൾ നോക്കാൻ സാംസ്‌കാരിക വകുപ്പ് ചുമതല നൽകിയിരുന്നത്. സാത്വിക ഭക്ഷണമായിരുന്നു സന്യാസിമാരെ എത്തിച്ച വിമാനത്തിലും ഇവർ താമസിച്ച മുൻനിര ഹോട്ടലിലും വിളമ്പിയത്. ഉള്ളി, വെളുത്തുള്ളി, ചില മസാലകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയാണ് ഭക്ഷണം തയ്യാറാക്കിയത്.

ഓരോ മഠങ്ങളിൽ നിന്നെത്തിയവരെ പ്രത്യേകം കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക പാചകക്കാരനെയും നിയോഗിച്ചിരുന്നു. മൂന്നു ദിവസം സന്യാസിമാർ ഡൽഹിയിൽ ഉണ്ടായിരുന്നു.

ഇവർക്ക് ഡൽഹയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള സൗകര്യവും കേന്ദ്രം ഒരുക്കി നൽകി. 19 മഠാധിപരിൽ നിന്ന് ആറുപേരാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. 400 വർഷത്തെ ചരിത്രമുള്ള, ഇന്ത്യയിൽ വേരുകളുള്ള 19 മഠത്തിൽ ഉൾപ്പെടുന്ന ആറുമഠാധിപരാണ് ഇവർ. ഗണപതി ഹോമം നടത്തി തമിഴ് കീർത്തനങ്ങൾ ചൊല്ലിയായിരുന്നു ചെങ്കോൽ കൈമാറ്റ ചടങ്ങ്. പിന്നാക്ക, മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ള മഠങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.